Saturday, August 9, 2014

ഇന്ത്യൻ ന്യൂട്രിനോ നിരീക്ഷണകേന്ദ്രം: ആശങ്കകൾ അസ്ഥാനത്ത്

abbreviations
[ TeV = Tera electron volts = 10^12   electron volts]
[ GeV = Giga electron volts= 10^9 electron volts]
[ 1 electron volt = 1.6 x10^-19 joules ]  

ഫുക്കുഷിമാ സംഭവത്തിനുശേഷം ലോകമൊട്ടുക്കും “ന്യൂക്ലിയർ” എന്നൊക്കെ കേൾക്കുമ്പോൾ ജനങ്ങൾ വലിയ ആശങ്കകളോടെയാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. കുടംകുളം ആണവറിയാക്റ്റർ പെട്ടെന്നു ദേശീയ ശ്രദ്ധയാകരിഷിക്കുകയും വലിയ ഒരു സമരത്തിനു കാരണമാവുകയും ചെയ്തു. പരിസ്ഥിതിപ്രവർത്തകരുടെ ശക്തമായ ക്രിയാത്മക ഇടപെടലുകൾ ഈ സമരങ്ങളിൽ നാം കണ്ടു. എന്നാൽ ആണവോർജ്ജമേഖലയിൽ നിന്നു മാറി ശുദ്ധശാസ്ത്രഗവേഷണ മേഖലയിലെ ചില പ്രോജക്റ്റുകളിൽ പരിസ്ഥിതിപ്രവർത്തകരുടെ ശ്രദ്ധ പതിഞ്ഞിരിക്കുകയാണിപ്പോൾ. ഇവരിൽ ചെറുതല്ലാത്ത ഒരു വിഭാഗം അത്യധികം തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ആശയകുഴപ്പങ്ങളും ആശങ്കകളും ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് India Based Neutrino Observatory (INO) ക്കെതിരേ ചിലർ നടത്തുന്ന പ്രചരണങ്ങൾ. കണികാ പരീക്ഷണം എന്നൊക്കെ കേൾക്കുമ്പോൾ പലരും പലതും ചിന്തിച്ചു കൂട്ടി അസ്ഥാനത്തായ ഉൽകണ്ഠകളും , ഭീതിയും പരത്തുകയാണ്.

കണികാപരീക്ഷണങ്ങളുടെ ചരിത്രം നോക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് റുഥർഫോഡിന്റെ alpha ray scattering experiment ആണ്. ആറ്റങ്ങൾക്ക് പിണ്ഡം കൂടൂതലുള്ള പോസിറ്റീവ് ചാർജ്ജുള്ള ഒരു കേന്ദ്രമുണ്ടെന്നും മറ്റുമൊക്കെ മനസ്സിലാക്കാൻ സാധിച്ചത് ഈ പരീക്ഷണത്തിലൂടെയാണ്. പിന്നീട് scattering experiments പലതും നടന്നു. റുഥർഫോഡ് ആല്ഫാ കണങ്ങളാണ് സ്വർണ്ണപാളിയിലേക്ക് "എറിഞ്ഞതെങ്കിൽ" കൂടുതൽ ഊർജ്ജത്തിൽ പിന്നീട് പലരും ഇലക്റ്റ്രോണുകളും, ന്യൂട്രോണുകളും അങ്ങനെ പലതും പലതിലേക്കും എറിഞ്ഞു നോക്കുകയും ഒടുവിൽ, രണ്ടു പ്രോട്ടോണുകൾ തമ്മിലെറിഞ്ഞു കൂട്ടിമുട്ടിപ്പിക്കാൻ വരെ കഴിയുന്ന രീതിയിൽ ഈ മേഖലയിലെ technology വികസിച്ച് അവസാനം LHC വരെ എത്തിനിൽക്കുന്നു കാര്യങ്ങൾ.


rutherford-to-lhc.png
Fig .1  : റൂഥർഫോർഡ് മുതൽ LHC വരെ
ഒരു analogy പറയുകയാണെങ്കിൽ നിങ്ങൾ ഒരു ബസ്സിന്റെ ചില്ലിനു കല്ലെറിയുന്നു എന്നു വിചാരിക്കുക  . നിങ്ങൾക്കത് പലരീതിയിലും ചെയ്യാം. ചില്ല് മാത്രം പൊട്ടിക്കാൻ വേണ്ടി കുറഞ്ഞ ഊക്കോടെ എറിയാം. വണ്ടിയോടിക്കുന്നവൻ ഇനി ഒരിക്കലും അതോടിക്കാനിടവരരുത് എന്നാണ് ലക്ഷ്യമെങ്കിൽ അൽപ്പം കൂടെ ഊക്കോടെ ഡ്രൈവറെ ലക്ഷ്യമാക്കി എറിയാം. ചില്ലും തുളച്ച് കയറി കല്ല് ഡ്രൈവർക്ക് കൊണ്ടിരിക്കും . കുറച്ചുകൂടെ ഊക്കു കൂട്ടുകയാണെങ്കിൽ ഡ്രൈവറെയും മറികടന്ന് യാത്രക്കാരെ ലക്ഷ്യം വെക്കാം. ഏറുകൊണ്ട് കരയുന്നവരുടെ കരച്ചിൽ കേട്ട് അവർ സ്ത്രീയോ, പുരുഷനോ, കുട്ടികളോ ഇനി അടുത്തവീട്ടിലെ ദാക്ഷായണിച്ചേച്ചി ബസ്സിലുണ്ടോ എന്നു വരെ ഇങ്ങനെ എറിഞ്ഞു നോക്കി കരച്ചിൽ ശ്രവിച്ച് മനസ്സിലാക്കാം (ദയവു ചെയ്ത് ആരും ഇങ്ങനെ ചെയ്യരുത് കേട്ടോ.. ഇതൊരു analogy മാത്രമാണ്).

Scattering experiments ഇത്തരത്തിൽ ഒരു ഏറുകളിയാണെന്നു വേണമെങ്കിൽ പറയാം. ഇങ്ങനെ ഏറിന്റെ ഊക്കു കൂട്ടുന്നതിനനുസരിച്ച് ബസ്സിനകത്ത് ആരൊക്കെയുണ്ടെന്ന് മനസ്സിലാക്കാവുന്നത് പോലെ, കണികകൾ ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ്സിലേക്ക് ഏറിയുന്നതിന്റെ ഊക്കനുസരിച്ച് അതിനകത്ത് ആരൊക്കെയുണ്ടെന്നു മനസ്സിലാക്കാം. അങ്ങനെയാണ് പ്രോട്ടോണുകളും ന്യൂട്രോണുകളും അടങ്ങിയതാണ് ന്യൂക്ലിയ്സ്സെന്നും, ഈ കണികകൾ ക്വാർക്കുകൾ എന്നു പറയുന്ന മൗലികകണങ്ങൾ കൊണ്ട് സ്രിഷ്ടിക്കപ്പെട്ടവയാണെന്നുമൊക്കെ നമ്മൾ മനസ്സിലാക്കിയത്. മാത്രമല്ല ഐൻസ്റ്റൈന്റെ ഊർജ്ജ പിണ്ഡ ദ്വന്തവും ചെറിയലോകങ്ങളിലെ ഭൗതിക നിയമമായ ക്വാണ്ടം മെക്കാനിക്സും ചില ഊർജ്ജാവസ്ഥയിൽ ഏതൊക്കെ കണികകൾ സ്രിഷ്ടിക്കപ്പെടുന്നതാണനുവദിക്കുന്നതെന്നൊക്കെയും ഈ പരീക്ഷണങ്ങൾ വഴി കണ്ടെത്താം.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും "ഊക്കൻ ഏറുകൾ" മാത്രമല്ല കണികാ ഭൗതികത്തിൽ ചെയ്യാവുന്നത്. ബാഹ്യാകാശത്ത് നിന്നു ഉന്നത ഊർജ്ജത്തിൽ വരുന്ന കണങ്ങൾ ഭൂമിയിലേക്കനുനിമിഷം പതിച്ചുകൊണ്ടിരിക്കുകയാണ്.  ഇത്തരം കണികകൾ വീട്ടുമുറ്റത്തോ മറ്റോ തയ്യാറാക്കി വെക്കാവുന്ന cloud chamber എന്ന ഒരു ഉപകരണത്തിലൂടെ കടന്നു പോവുന്നതിന്റെ ഒരു വീഡിയോ ദേ ഇവിടെക്കാണാം (http://www.youtube.com/watch?v=_2NGybNq53U).

cloud_chamber.png
Fig.2 : ഒരു cloud chamber ഇൽ കോസ്മിക് രശ്മികളുടെ സഞ്ചാരപദം വീക്ഷിക്കുന്ന സ്കൂൾ കുട്ടികൾ ; വലത്. cloud chamber ഇൽ കോസ്മിക് രശ്മികളുടെ സഞ്ചാരപദം

ഇത്തരം കണികകളെ ചില detectors വെച്ച് പഠിക്കാം. 1 GeV ഊർജ്ജം ഉള്ള ഇത്തരം 10,000 കണികകൾ ഭൂമിയുടെ ഉപരിതലത്തിലെ ഒരു square meter ഏരിയയിൽ ഒരു സെക്കൻഡീൽ കടന്നു പോവുന്നുണ്ട്. ഇനി 0.5 GeV ഊർജ്ജമുള്ള കണികകളുടെ കാര്യ്മാണെങ്കിൽ അതിന്റെ എണ്ണം ഇനിയും കൂടും. വളരെ വിരളമായി, കൊല്ലത്തിൽ ഒരു square kilometer ഏരിയായിൽ ഒന്നു എന്നതോതിൽ LHC ത്വരണം ചെയ്യുന്ന പ്രോട്ടോൺ കണങ്ങളെക്കാൾ ദശലക്ഷക്കണക്കിനു മടങ്ങ് ഊർജ്ജമുള്ള കണികകൾ ഭൂമിയിൽ പതിക്കുന്നുണ്ട്. റേഡിയേഷൻ എന്നൊക്കെപറഞ്ഞ് നിലവിളിക്കുന്നവർ ഇതൊക്കെ മനസ്സിലാക്കിയാൽ നന്നായിരുന്നു.

കോസ്മിക് കണങ്ങൾ അന്തരീക്ഷത്തിലെ കണികകളുമായി കൂട്ടിമുട്ടി വേറെ ചില കണികകൾ ഉണ്ടാകാം. ഇക്കൂട്ടത്തിൽ ആരോടും ഒന്നും മിണ്ടാതെ ഭൂമിയുടെ കാമ്പിലൂടെക്കടന്നു അപ്പുറത്തൂടെ പുറത്തേക്കു പോവുന്ന കണികകളും ഉണ്ട് കേട്ടോ. ന്യൂട്രിനോകൾ എന്നാണവന്മാരുടെ പേര്. ഇത് വായിക്കുന്ന സമയത്ത് നിങ്ങളുടെ ശരീരത്തിലൂടെ പതിനായിരക്കണക്കിനു ന്യൂട്രിനോകൾ കയറിയിറങ്ങിയിട്ടുണ്ടാകാം. പേടിക്കണ്ട മറ്റു മാറ്ററുമായി പ്രതിപ്രവർത്തിക്കാൻ ഇവനശേഷം മടിയാണ്, എങ്കിലും പിണ്ഡമുള്ള വസ്തുക്കളുമായി വല്ലപ്പോഴും പ്രതിപ്രവർത്തിച്ചേക്കാം, തത്ഫലമായി ഇലക്റ്റ്രോണുകളോ, മ്യൂണോകുകൾ, ടൗഓണുകൾ എന്നൊക്കെപ്പറയുന്ന മറ്റു മൗലികകണങ്ങൾ ഉണ്ടായാലായി. ഇത്തരം പ്രതിപ്രവർത്തനങ്ങളുടെ സംഭവ്യത, അഥവാ probability (നേരത്തേപറഞ്ഞ കോസ്മിക് റേ കണങ്ങളുടേതിനെക്കാൽ വളരെ വളരെ ചെറുതാണ്). 1 GeV ഊർജ്ജമുള്ള ന്യൂട്രിനോ ഏതെങ്കിലും വസ്തുവുമായി  പ്രതിപ്രവ്ർത്തിക്കുന്ന സമയത്തിനുള്ളിൽ 10 ^14(ഒരു ലക്ഷം ബില്ല്യൺ) കോസ്മിക് കണങ്ങൾ മാറ്ററുമായി പ്രതിപ്രവർത്തിച്ചിട്ടുണ്ടാവും എന്നതാണതിന്റെ ഒരു കണക്ക്. അതായത് വളരെ വളരെ വിരളമായേ ന്യൂറ്റ്രിനോകൾ വസ്തുക്കളുമായി പ്രതിപ്രവർത്തിക്കൂ.

ന്യൂട്രിനോകൾ അന്തരീക്ഷത്തിന്റെ ഉപരിതലത്തിൽ മാത്രമല്ല ഉണ്ടാകുന്നത്, സൂര്യനിൽ നിന്നും സൂപ്പർനോവ പൊട്ടിത്തെറികളിൽ നിന്നും ന്യൂട്രിനോകൾ ഉണ്ടാവുന്നുണ്ട്. മാത്രമല്ല, മഹാവിസ്ഫോടനത്തിന്റെ സമയത്ത് ഉണ്ടായിരുന്ന ആദിമ ന്യൂട്രിനോകൾ പ്രപഞ്ചമാകെപ്പാറിപ്പറന്നു നടക്കുന്നുണ്ട്. പ്രകാശകണികകൾ പോലെയല്ലല്ലോ ന്യൂട്രിനോ കണങ്ങൾ അവയ്ക്ക് മറ്റുള്ളവ്രോടൂള്ള 'മിണ്ടാട്ടം' കുറവാണ്, അതുകൊണ്ട് അവരെ പിടിച്ചെടുത്ത് പടിച്ചാൽ ഒരു പക്ഷേ പ്രകാശ, ഇതര ഇലക്റ്റ്രോമാഗ്നറ്റിക് കണങ്ങൾക്ക് പറയാനാവുന്നതിനേക്കാൾ കൂടൂതൽ മഹാവിസ്ഫോടന രഹസ്യങ്ങൾ പറയാൻ ന്യൂട്രിനോകൾക്കായേക്കും, ഇത് മുതലെടുത്ത് ന്യൂട്രിനോ ആസ്റ്റ്രോണമി എന്നുപറയുന്ന ഒരു മേഖലതന്നെ ഉടലെടുത്തിട്ടുണ്ട്.

ഇനി മറ്റൊരുകാര്യം പറയുകയാണെങ്കിൽ, ഈ ന്യൂട്രിനോകൾ ഇടയ്ക്ക് ആൾമാറാട്ടം നടത്തിക്കളയും. സൂര്യനിൽ nuclear fusion സമയത്ത് പുറന്തള്ളപ്പെടുന്ന ന്യൂട്രിനോകൾ ഭൂമിയിലേക്കെത്തുമ്പോഴേക്കും ആളാകെമാറി മറ്റൊരു ന്യൂട്രിനോ ആയിട്ടുണ്ടാവും. തികച്ചും ക്വാണ്ടം പ്രതിഭാസമായ neutrino oscillations എന്നുപറയുന്ന ഇത്തരം സംഭവത്തെപ്പറ്റി കൂടുതൽ പഠിക്കേണ്ടതുണ്ട്. നേരത്തെ പറഞ്ഞല്ലോ ഒരു ന്യൂട്രിനോ വസ്തുക്കളുമായി പ്രതിപ്രവർത്തിക്കുന്നത് ഒരു ലക്ഷം ബില്ല്യൺ കോസ്മിക് കണങ്ങൾ പ്രതിപ്രവർത്തിക്കുമ്പോൾ ഒന്നു എന്ന തോതിലാണെന്ന്. ആകെ "ബഹളമായ" ഈ ഒരവസ്ഥയിൽ ന്യൂട്രിനോകളെ കണ്ടെത്താൻ എന്ത് ചെയ്യും ?.
ഒരു പാർട്ടിക്കിടയിൽ നിങ്ങൾക്കൊരു ഫോൺകോൾ വന്നാൽ നിങ്ങളെന്തുചെയ്യുമോ അത്രയേ ഇവിടെയും ചെയ്യേണ്ടതുള്ളൂ. ഫോൺ കോൾ സ്വീകരിക്കുമ്പോൾ നിങ്ങൾ ബഹളമില്ലാത്ത ഒരു സ്തലത്തേക്കോ മറ്റൊരു മുറിയിലേക്കോ പോകും. മറ്റുള്ളവരുടെ ശബ്ദം നിങ്ങളിലെത്താതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അതു പോലെ കോസ്മിക് കണങ്ങൾ എത്താത്ത സ്ഥലങ്ങളിൽ പോയാൽ നിങ്ങൾക്ക് ന്യൂട്രിനോകൾക്ക് പറയാനുള്ളത് സ്വൈര്യമായി കേൾക്കാം.

അങ്ങനെ കോസ്മിക് കണങ്ങൾ എത്താത്ത സ്ഥലങ്ങളുണ്ടോ ? തീർച്ചയായും. ഭൂമിതുരന്ന് സ്രിഷ്ടിച്ച് ഖനികളിലേക്കോ അല്ലെങ്കിൽ ഒരു തുരങ്കം തുരന്ന് വല്ല മലയുടെയും അടിയിലേക്കോപോയാൽ കോസ്മിക് വികിരണങ്ങളുടെ വരവ് തടയാനാവുകയും.

ലോകത്തെ മിക്ക ന്യൂട്രിനോ പരീക്ഷണങ്ങളും ഇങ്ങനെയാണ് നടത്തുന്നത്. അന്തരീക്ഷത്തിന്റെ ഉപരിതലത്തിൽ സ്രിഷ്ടിക്കപ്പെടുന്ന atmospheric neutrinos നെക്കുറിച്ച് പഠിക്കാൻ ഇന്ത്യൻ ശാസ്ത്രജ്ഞർ നടത്തുന്ന ശ്രമങ്ങളാണ് India based neutrino observatory (http://www.ino.tifr.res.in/ino) എന്ന പേരിൽ തമിഴ്നാട്ടിൽ തേനിക്കടുത്ത് യാഥാർഥ്യമാവാൻ പോകുന്നത്. അതിൽ നിന്നു റേഡീയേഷൻ പുറപ്പെടുമെന്നും, ബീം ഡയറക്ഷൻ തെറ്റി മനുഷ്യ്വാസമുള്ള സ്ഥലങ്ങളിലേക്ക് അണുവികിരണം പതിക്കും എന്നൊക്കെപ്പറയുന്നത് അങ്ങേയറ്റം അബദ്ധജടിലമാണ്. നേരത്തെപ്പറഞ്ഞ "ഏറുപരീക്ഷണങ്ങളിലാണ്" ബീമുകളും മറ്റും ഉപയോഗിക്കുന്നത്.

ഇനി അഥവാ ന്യൂട്രിനോ ബീമുകൾ ഉണ്ടാക്കിയാൽ തന്നെ അത് ഭൂമിക്കടിയിലൂടെ "തൊടുക്കുകയാണ്" ചെയ്യുന്നത്. ഇവിടെ ഒരു സംശയം ഉണ്ടാവാൻ സാധ്യതയുണ്ട്. പണ്ട് സഖാവ് വി.എസ്സോ മറ്റോ പറഞ്ഞതായി ഏതോ വാർത്താമാധ്യമത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. “അമേരിക്കയിൽ നിന്നു കേരളത്തിലേക്ക് തുരങ്കം ഉണ്ടാക്കാൻ പോകുന്നു എന്ന്”. യഥാർത്തത്തിൽ അങ്ങനെയൊരു തുരങ്കത്തിന്റെ ആവശ്യമേ ഇല്ല. ന്യൂട്രിനോകൾ "സംസാരിക്കാൻ" മന്ദരാണെന്ന് നേരത്തേ പറഞ്ഞല്ലോ നിന്ന നിൽപ്പിനു കീഴോട്ട് ഭൂമിയുടെ കേന്ദ്രം നോക്കി ന്യൂട്രിനോകൾ പായിച്ചാൽ അവ കൂളായി ഭൂമിയുടെ അപ്പുറത്ത് എത്തിക്കൊള്ളും, തുരങ്കമുണ്ടാക്കി അതിനു വഴിയൊരുക്കേണ്ട കാര്യമൊന്നുമില്ല. (ഇവിടെ വിഷയസംബന്ധിയല്ലാത്ത മറ്റൊരുകാരയം പറഞ്ഞോട്ടെ. ഒരു മനുഷ്യന്റെ ആന്തരികാവയവങ്ങളെ പറ്റി കൂടുതൽ അറിയാൻ medical imaging മേഖലയിൽ ഉപയോഗിക്കുന്ന ഒരു സങ്കേതമാണ് tomography. CAT scan എന്നൊക്കെ നിങ്ങൾ കേട്ടിരിക്കാം. ഇതേ പോലെ ഭൂമിയുടെ “ആന്തരിക അവയവങ്ങളെ” പറ്റി പഠിക്കാൻ ഒരു CAT scan നടത്താനാവുമെങ്കിൽ നല്ലതല്ലേ?. ഭ്രാന്തമായ ഒരാശയമായി തോന്നാമെങ്കിലും ന്യൂട്രിനോകളും, ന്യൂട്രിനോ ഡിറ്റകറ്ററുകളും വഴി ഇത് സാധ്യമാണ്. സമുദ്രത്തിൽ ഒഴുകി നടക്കുന്ന ന്യൂട്രിനോ ഡിറ്റകറ്ററുകൾ വഴി ഇത്തരം പഠനങ്ങൾ നടത്താൻ വിദൂരഭാവിയിൽ സാധിച്ചേക്കാം)
അപ്പോൾ പറഞ്ഞുവന്നത് ന്യൂട്രിനോകൾക്ക് തുരങ്കം കുഴിച്ച് വഴിയൊരുക്കേണ്ട കാര്യമില്ല. ജനീവയിലെ CERN ഇൽ നിന്ന് ഇറ്റലിയിലെ Grand Sasso യിലേക്ക് ഭൂമിക്കടിയിലൂടെ തുരങ്കമില്ലാതെ ന്യൂട്രിനോ ബീം അയച്ചു നടത്തുന്ന ഒരു പരീക്ഷണം ഇപ്പോൾ തന്നെ നിലവിലുണ്ട് (Fig.3).

beamtrajectory-en-71dd9-8be65.png
Fig.3

CERN ഇൽ നിന്നു 732 കിലോമീറ്റർ അകലെയുള്ള ഇറ്റലിയിലെ Grand Sasso  ലബോറട്ടറിയിലേക്കാണ് ന്യൂട്രിനോ ബീം അയയ്ക്കുന്നത്. CERN ഭാഗത്തുനിന്നു “തൊടുക്കുമ്പോൾ”, ന്യൂട്രിനോബീമിന്റെ ശരാശരി ആരം 1 മീറ്റർ ആണ്, ഗ്രാൻസാസോയിലെത്തുമ്പൊഴേക്കും അത് 1 കിലോമീറ്ററായി കൂടുന്നു. ഒരു പാടു ജനവാസകേന്ദ്രങ്ങളിൽ പതിക്കുന്നു എന്ന്
എന്ന് വ്യക്തം, ഇതുമൂലം ആർക്കുമിതുവരെ റേഡിയേഷൻ അപകടങ്ങളോ, ക്യാൻസറോ ഉണ്ടായിട്ടില്ല കേട്ടോ. ന്യൂട്രിനോ ബീം ജനവാസകേന്ദ്രങ്ങളിൽ പതിച്ചാലോ എന്ന ആശങ്ക അതോടെ അസ്ഥാനത്താണെന്നു മനസ്സിലായല്ലോ.

ഇത്തരം ഒരു ബീമിന്റെ കാര്യമൊന്നും തൽക്കാലം INO യുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമല്ല. ഭാവിയിൽ വേണമെങ്കിൽ CERN ഇൽ നിന്നോ അമേരിക്കയിലെ Fermilab ഇൽ നിന്നോ ഒരു ന്യൂട്രിനോ ബീം ഇന്ത്യൻ പരീക്ഷണശാലയിലെ detector ലക്ഷ്യമാക്കി അയയ്ക്കുകയാണെങ്കിൽ നേരത്തേപറഞ്ഞ neutrino oscillation ന്റെ തന്ത്രപ്രധാനമായ ഒരു parameter അളക്കാൻ സാധിക്കും (CERN നും Fermilab നും ഇന്ത്യൻ പരീക്ഷണശാലയുമായുള്ള ദൂരമാണിതിനുകാരണം).

ശ്രീ വി.ടി പദ്മനാഭനപ്പൊലെയുള്ളവർ ഇനി ചൂണ്ടിക്കാണിക്കുന്നത് രണ്ടു കാര്യങ്ങളാണ്.

1) കണികാപരീക്ഷണശാലയിലെ തുരങ്കങ്ങളിൽ  ന്യൂക്ലിയർ വേസ്റ്റ് തള്ളാൻ രഹസ്യ പദ്ധതിയുണ്ട്.
ഭാവനാസമ്പുഷ്ടമായ, പൊള്ളയായ, അബദ്ധജടിലമായ ഒരു വാദമാണിത് എന്നു പറയാതെ വയ്യ. ന്യൂക്ലിയർ മാലിന്യങ്ങൾ എന്നാൽ, റിയാക്റ്ററുകളിൽ nuclear fission അനന്തരം ബാക്കിവരുന്ന റേഡിയോ ആക്റ്റീവ് പദാർഥങ്ങളാണവ. റേഡിയേഷൻ വളരെ വളരെ കുറവുള്ള പ്രദേശം നോക്കി പോയതുകൊണ്ടാണ് ഒരു മലയടിവാരത്തിൽ തുരങ്കം ഉണ്ടാക്കി അവിടെ INO പരീക്ഷണം നടത്തേണ്ട അവസ്ഥയുണ്ടായത്. അപ്പോ പിന്നെ ആ detector സ്ഥാപിച്ച സ്ഥലത്തു തന്നെ റേഡിയേഷൻ വമിക്കുന്ന വസ്തുക്കൾ കൊണ്ടുവെക്കുന്നത് വലിയ വലിയ മണ്ടത്തരമല്ലേ ??  

നേരത്തേ പറഞ്ഞ ഫോൺ സംഭാഷണ അനോളജി പ്രകാരം, വ്യ്ക്തമായി ഫോൺ ശ്രവിക്കാൻ വേണ്ടി നിങ്ങൾ ആളൊഴിഞ്ഞ ഒരു മുറിയിൽ ചെല്ലുന്നു എന്നു വെക്കുക, അവിടേയ്ക്ക് ഒരു പത്തിരുപതുപേർ ആർത്തട്ടഹസിച്ച് കടന്നുവരുന്ന കാര്യം ഒന്നാലോചിച്ചു നോക്കൂ

2) ന്യൂട്രിനോകൾ അപകടകാരികളാണെന്നു അമേരിക്കയിലെ Fermi lab ലെ ശാസ്ത്രജ്ഞർ തന്നെ കണ്ടെത്തിയിട്ടുണ്ട്.

ഇതൊരൽപ്പം വിശദീകരിക്കേണ്ടതുണ്ട്. കണികകൾ അപകടകാരികളാണോ അല്ലയോ എന്നത് തീരുമാനിക്കപ്പെടുന്നത് അവയുടെ ഊർജ്ജം, വസ്തുക്കളുമായി പ്രതിപ്രവർത്തിക്കാനുള്ള “ആർജ്ജവം”, വസ്തുവിലൂടെ എത്രകണികകൾ ഒരു സെക്കൻഡിൽ കടന്നുപോവുന്നുണ്ട് (ഇതിനെ flux എന്നു പറയും) എന്നതിന്റെയൊക്കെ അടിസ്ഥാനത്തിലാണ്. 


മുകളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്നത് യഥാക്രമം ഒരു electron beam welding പ്രക്രിയയും ഒരു കമ്പ്യൂട്ടർ മോണിറ്ററുമാണ്. രണ്ടിന്റെയും പ്രവർത്തനത്തിന്റെ കാതൽ ഇലക്റ്റ്രോണുകളാണ്. എന്നാൽ അവയുടെ ഊർജ്ജത്തിലും flux ലും ഉള്ള വ്യത്യാസം ഈ ഉപകരണങ്ങളെ എത്രമാത്രം വ്യത്യസ്ഥമാക്കുന്നു എന്നു നോക്കൂ. മോണിറ്ററിന്റെ പിറകിലുള്ള ഇലക്റ്റ്രോൺ ഗണ്ണിൽ നിന്നു വരുന്ന ഇലക്റ്റ്രോണുകൾ മനോഹര ചിത്രങ്ങൾക്ക്  കാരണമാകുന്നുവെങ്കിൽ electron beam welding machine ന്റെ ഇലക്റ്റ്രൊൺ ഗണ്ണിൽ നിന്നു വരുന്ന ഇലക്റ്റ്രോണുകൾ ലോഹങ്ങളെപ്പോലും ഉരുക്കി വിളക്കിച്ചേർക്കുന്നു.

ഇനി കാര്യത്തിലേക്ക് വരാം. Muon collider എന്നു പറയുന്ന ഒരു കണികാപരീക്ഷണത്തിന്റെ സാധ്യതാ പഠനറിപ്പോർട്ടാണ് പ്രസ്തുതവാദത്തിനാധാരം. ഭൂമിക്കടിയിൽ 500 മീറ്റർ ആഴത്തിൽ 10 TeV ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു muon collider സ്ഥാപിച്ചാൽ അതിൽ നിന്നു 10 TeV വരെ ഊർജ്ജമുള്ള ന്യൂട്രിനോകൾ വളരെ ചെറിയ ഒരു പ്രദേശത്ത് കേന്ദ്രീകരിക്കപ്പെടുകയും, അത്യധികം ഉന്നതമായ flux കാരണം, ചെറിയതോതിൽ radiation ഉണ്ടാവാം എന്നുമാണവരുടെ സൈദ്ധാന്തിക വിലയിരുത്തൽ. ന്യൂട്രിനോകൾ ഭൂമിക്ക് വെളിയിൽ കടക്കുന്ന Near exit point ലും Far exit point ഇലും (Fig.4) ആയിരിക്കാം ഇത് കൂടുതലും അനുഭവപ്പെടുന്നത് എന്നാണവരുടെ നിഗമനം. 

Screenshot from 2014-07-10 22:48:53.png
Fig.4
ഇതും INO യുമായുള്ള ബന്ധം ? കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രം

 
ഇവിടെ പ്രതിപാദിക്കപ്പെടുന്ന ഊർജ്ജം 10 TeV ആണ്. INO കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാൻ പോകുന്നത് അന്തരീക്ഷത്തിന്റെ ഉപരിതലത്തിൽ സൃഷ്ടിക്കപ്പെടുന്ന 1 GeV ന്യൂട്രിനോകളെയാണ് (അതായത് 10,000 മടങ്ങ് കുറവ്).  വേറൊരു രീതിയിൽ പറഞ്ഞാൽ ഇലക്റ്റ്രൊൺ ബീം വെൽഡിംഗിൽ ഇലക്റ്റ്രോൺ beam ഉപയോഗിക്കുന്നുണ്ട്, കമ്പ്യൂട്ടറിന്റെ മോണിറ്ററിലും ഇലക്റ്റ്രോൺ beam ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് മോണിറ്ററിന്റെ മുന്നിലിരുന്നാൽ കണ്ണുകൾ കരിഞ്ഞു പോവും എന്നു പറയുന്നതുപോലെ ബാലിശമാണ് INO യെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്.   
 
എങ്കിലും ഇത്രയും പറഞ്ഞ സ്ഥിതിക്ക് കുറച്ച് കാര്യങ്ങൾ കൂടെ പറയാനുണ്ട്. muon കൾ എന്നു പറയുന്നത് ഇലക്റ്റ്രൊണിന്റെ നേരെ മൂത്ത ജ്യേഷ്ടനായ ഒരു മൗലിക കണമാണ്. ഇലക്റ്റ്രോണിനെക്കാൾ ഏകദേശം 200 മടങ്ങ് ഭാരമുള്ള ഈ കണികകൊണ്ട് അസംഖ്യം ക്രിത്യതയാർന്ന പരീക്ഷണ നിരീക്ഷണങ്ങൾ നടത്താനാവും. ഇന്നിപ്പോ CERN ഇൽ ഓപ്പറേറ്റ് ചെയ്യുന്ന LHC എന്ന ആക്സിലറേറ്ററിൽ പ്രോട്ടോണുകൾ മുതൽ lead ion കളെ ആക്സിലറേറ്റ് ചെയ്യാനേ സാധിക്കൂ.. എന്നാൽ മ്യുവോണുകൾ ഉപയോഗിച്ച് ഒരു ആക്സിലറേറ്റർ നിർമ്മിച്ചാൽ പല ക്രിത്യതയാർന്ന പരീക്ഷണങ്ങൾ നടത്താം (ഈ അടുത്ത് കണ്ടുപിടിച്ച ഹിഗ്ഗ്സ് കണത്തിന്റെ ചില പാരാമീറ്ററുകളുടെ ക്രിത്യമായ measurement വരെ)

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും മ്യൂവോൺ കൊലൈഡറുകൾ ഇന്നു കമ്പ്യൂട്ടർ സിമുലേഷനുകളിൽ മാത്രമേയുള്ളൂ. മ്യുവോണുകളെ ഒരു ആക്സിലറേറ്റർ "പൈപ്പിൽ" അടച്ച് ആക്സിലറേറ്റ് ചെയ്ത് കൂട്ടിമുട്ടിപ്പിക്കുക എന്നു പറയുന്നത് അത്യധികം ദുഷ്കരമായ പരിപാടിയാണ്.

പ്രധാനപ്രശ്നങ്ങൾ

1) മ്യൂവോണുകളുടെ ശരാശരി ആയുസ്സ് 2.2 മൈക്രോസെക്കൻഡുകളാണ്. മ്യുവോൺ "മരിച്ചു" പോവുന്നതിനനുസരിച്ച് പുതിയ മ്യുവോണുകളെ ആക്സിലറേറ്ററിൽ എത്തിച്ച് കൊണ്ടിരിക്കണം

2) കണികാ ത്വരകങ്ങളിൽ കണികകളെ കൂട്ടിയിടിപ്പിക്കുന്നത്, bunches ആയിട്ടാണ്. ഉദാഹരണത്തിനു LHC യിൽ കൂട്ടിയിടിപ്പിക്കുന്നത് എതിർദിശയിൽ വരുന്ന രണ്ട് പ്രോട്ടോൺ ബഞ്ചുകളെയാണ്. ഇങ്ങനെ രണ്ടു ബഞ്ചുകൾ താന്താങ്ങളിലൂടെ കടന്നുപോവുമ്പോൾ പ്രോട്ടോണുകൾ വല്ലതും കൂട്ടിയിടിച്ചാലായി. (LHC യിൽ ഇത് ശരാശരി 25 പ്രോട്ടോൺ collisions ആണ് ഒരു bunch crossing ഇൽ നടക്കുന്നത്). കണികകളുടെ കൂട്ടിമുട്ടൽ സാധ്യത കൂട്ടണമെങ്കിൽ ഒരു ബഞ്ചിൽ അടങ്ങിയിരിക്കുന്ന കണികകലുടെ എണ്ണം കൂട്ടുകയും, ബഞ്ചിനെ വളരെ tight ആയി pack ചെയ്യുകയും വേണം. ഒരു ലെൻസുപയോഗിച്ച് സൂര്യപ്രകാശ കണങ്ങളെ ഒരു പേപ്പർ കത്തിക്കാനായി കേന്ദ്രീകരിക്കുന്നപോലുള്ള ഒരു പരിപാടീയാണിത്. എളുപ്പമെന്നു തോന്നാമെങ്കിലും അത്യധികം ദുഷ്കരമാണിത് (ഒരേ ചാർജ്ജുകൾ തമ്മിൽ വികർഷിക്കുമെന്നറിയാമല്ലോ). മ്യുവോണുകളെ സംബന്ധിച്ച് അവയെ ഒരു ബഞ്ച് ആക്കി, ബഞ്ചിന്റെ "packing" വളരെ കൂട്ടി, ഓരോ bunch crossing ലും ശരാശരി ഒരു muon-muon collision എങ്ങനെയുണ്ടാക്കാമെന്നിതുവരെ ആർക്കും അറിയില്ല. ഗവേഷണങ്ങൾ പലസ്ഥലങ്ങളിലും നടക്കുന്നു. പക്ഷേ ഇതുവരെ ഒരു തീരുമാനമായിട്ടില്ല.

ഇത്രയും പറഞ്ഞത് മ്യുവോൺ കൊലൈഡറുകൾ എന്ന ഒരു സംഭവം ഈ അടുത്ത കാലത്തൊന്നും നിലവിൽ വരാനുള്ള സാധ്യതയില്ല എന്നു പറയാനാണ്. ഭാവിയിൽ ഒരമ്പത് വർഷം കഴിഞ്ഞു വരാൻ പോവുന്ന (എവിടെ ഇന്ത്യയിലാണോ ? .. അല്ല. .അമേരിക്കയിൽ) ഒരു particle accelerator നെ ചൊല്ലി നമ്മുടെ നാട്ടിൽ 3 വർഷത്തിനുള്ളിൽ പ്രവർത്തനസജ്ജമാവാൻ പോവുന്ന ഒരു പരീക്ഷണത്തിനു ഇടങ്കോലിടണോ ??.

ഇനി ഇതൊക്കെ പോട്ടെ.. INO യുടെ പ്രധാന ഗവേഷണ മേഖല atmospheric neutrino physics ആണ്. Atmospheric neutrinos നെപ്പറ്റി  മ്യൂവോണ കൊലൈഡർ സാധ്യതാപഠന പറയുന്നത് വായിച്ചു നോക്കൂ.
“[radiation] dose equivalent rates due to solar and atmospheric neutrinos and to neutrinos from present day accelerators are insignificant. Expected dose equivalent rates for the neutrino beams planned for future long and short baseline neutrino experiments, namely the CERN/Gran Sasso beam and the NuMI project at Fermilab, are also negligible”

INO യിലേക്ക് ന്യൂട്രിനോ ബീം അയക്കാൻ എന്തെങ്കിലും പദ്ധതിയുണ്ടെങ്കിൽ മുകളില്പറഞ്ഞ ഏതെങ്കിലുമൊന്നേ അയക്കാൻ സാധ്യതയുള്ളൂ.

തേനിയിൽ കണികാപരീക്ഷണശാല വരുന്നതുകൊണ്ടൂ പ്രദേശവാസികൾ ഉന്നതമായ റേഡിയേഷനു വിധേയരാവുമെന്നും, അവിടെ ന്യൂക്ലിയർ വേസ്റ്റ് കൊണ്ടുപോയി പൂഴ്ത്താൻ പോവുകയാണെന്ന വാദങ്ങളൊക്കെ അസ്ഥാനത്താണ് എന്നു കാണിക്കുന്ന തെളിവുകൾ ഈ ലേഖനത്തിൽ നിരത്തുകയും വിശദീകരിക്കുകയും ചെയ്തു. ശാസ്ത്രപുരോഗതി എന്നാൽ നാടിന്റെ പുരോഗതിയാണ്. ശാസ്ത്രസാങ്കേതിക രംഗത്തെ വികസനം ജനങ്ങളുടെ ജീവിത നിലവാരവുമായി നേരിട്ടു ബന്ധപ്പെട്ടുകിടക്കുന്ന അസംഖ്യം സംഭവങ്ങൾ നാം പലപ്പൊഴായി കാണുന്നു. INO എന്നത് ലോകോത്തര നിലവാരമുള്ള ഒരു പരീക്ഷണമാണ്. പലകാരണങ്ങൾകൊണ്ട് പലപ്പോഴും പരീക്ഷണം വൈകി. ഇനിയും ബാലിശമായ വാദങ്ങൾ നിരത്തി ഈ പരീക്ഷണത്തെ വൈകിപിക്കാതിരിക്കാനുള്ള പ്രബുദ്ധത നമുക്കെല്ലാവർക്കുമുണ്ടാവട്ടെ.

(അടിക്കുറിപ്പ് :

പിന്നെ മറ്റൊരു പ്രശ്നമായിപറയുന്നത് അമേരിക്കൻ അഗോളവൽക്കരണത്തിന്റെ ഭീകര കരങ്ങളാണ്. കഷമിക്കണം സയൻസൊക്കെ ഇപ്പോ ആഗോളവൽക്കരിക്കപ്പെട്ടിരിക്കയാണ്. ഈ അടുത്ത് ഹിഗ്ഗ്സ് ബോസോൺ കണ്ടെത്തിയ ഗവേഷണ വിഭവശേഷിയുടെ ആഗോളവൽക്കരണം ഒന്നു കണ്ടു നോക്കൂ.. Fig.5 )

cern_nationality.jpg
Fig.5

References
 1. From eV to EeV: Neutrino Cross Sections Across Energy Scales http://arxiv.org/abs/1305.7513 ലേഖകന്‍ : രോഹിന്‍ നാരായന്‍, Ruprecht Karl University of Heidelberg, ജെര്‍മനി.
രോഹിന്‍ CERN ലെ  ATLAS എന്ന പരീക്ഷണവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുത്തുന്നു

3 comments:

 1. വിജ്ഞാനപ്രദമായ ലേഖനം...
  ആശംസകൾ

  ReplyDelete
 2. world's largest neutrino detector
  http://www.likeswagon.com/2014/10/why-universe-still-exists-worlds-most.html

  ReplyDelete
 3. Friends, as we pointed out ,the Mathikettan Shola National Park is Just 2-3KM away from the main reasearch cavern of INO project,(The INO people intensional hide this matter). Now when this nuetrino scientist start blastig for the construction,the wild life animals may easily detect the vibrations and they communicate faster than us. Let me qute the following from the journal acuustical society of America." All mammals have the ability to detect vibrations and there are some notable cases of small mammals dedicating much of their sensory world to vibration detection such as the star nosed mole, the golden mole, the blind mole rat. In large mammals, the concept of using vibrations as a form of prey detection, predator avoidance, or communication has not been explored to a great extent. A few cases of these three uses of vibrations will be reviewed as they pertain to and may benefit the lion, kangaroo, and elephant seal, respectively. Elephants are well suited to communicate seismically, given their high amplitude, low frequency vocalizations that couple with and propagate in the ground as seismic signals. A unique combination of anatomical structures found on the elephant would also facilitate seismic detection through either a bone conducted or somatosensory pathway, or both. A series of studies will be reviewed demonstrating the elephants ability to generate and propagate seismic energy from vocalizations and footfalls as well as their ability to detect and discriminate not only biologically meaningful seismic cues from noise, but also subtle differences between seismic vocalizations given in the same context
  http://scitation.aip.org/content/asa/journal/jasa/121/5/10.1121/1.4781916

  ReplyDelete