Thursday, May 2, 2013

ദൈവവും ദൈവകണവും

Doolnews.com ല്‍ പ്രസിദ്ധീകരിച്ച ലേഖനം 

പ്രപഞ്ചത്തെക്കുറിച്ചുള്ള യുക്തിപരവും, രീതീപരവുമായ വീക്ഷണമാണ് ശാസ്ത്രം. ശാസ്ത്രത്തില്‍ കഥകള്‍ക്കോ വിശ്വാസങ്ങള്‍ക്കോ സ്ഥാനമില്ല. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളിലൂടെയാണ് ശാസ്ത്രം മുന്നോട്ട് പോവുന്നത്. അതിനാല്‍ ശാസ്ത്രം ഒരു ദൈവ കണത്തെ പറ്റി പറയുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടുന്നത് സ്വാഭാവികമാണ്. നിരവധി തെറ്റിദ്ധാരണകള്‍ക്കും ഇത് വഴി വച്ചിട്ടുണ്ട്.      
   
ഹിഗ്ഗ്‌സ് ബോസോണ്‍ എന്ന ഇതുവരെ പൂര്‍ണമായും തെളിയിക്കപ്പെടാത്ത സാങ്കല്പിക അടിസ്ഥാന കണമാണ് ഇങ്ങനെ അറിയപ്പെടുന്നത്. അതിനു കാരണം ഈ കണത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള സ്ഥിരീകരണം നമ്മുടെ ഇന്നത്തെ പ്രപഞ്ച വീക്ഷണത്തെ തന്നെ മാറ്റി മറിക്കും എന്നതാണ്. അടിസ്ഥാന ദ്രവ്യബല സിദ്ധാന്തമായ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ സ്ഥിരീകരണമാവും ഈ കണം കണ്ടെത്തിയാല്‍ സാധ്യമാവുക. അല്ലെങ്കില്‍ പുതിയ സിദ്ധാന്തങ്ങളിലേക്ക് ഇതു വഴിതുറക്കും. അതിനാല്‍ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് സാധാരണക്കാരന് മനസ്സിലാക്കിക്കാനായി ഒരു തമാശ രൂപത്തില്‍ ഇട്ട പേരാണ് ദൈവകണം എന്നത്!
ലിയോണ്‍ എം. ലെഡര്‍മാന്‍ അദ്ദേഹത്തിന്റെ ‘GOD Particle’ എന്ന പുസ്തകത്തിലാണ് ഹിഗ്ഗ്‌സ് ബോസോണിനെ ഇങ്ങനെ വിളിച്ചത്. (ആദ്യം ഇദ്ദേഹം Goddamn Particle എന്ന പേര്‍ നല്‍കാം എന്നു വിചാരിച്ചെങ്കിലും പ്രസാധകര്‍ സമ്മതിച്ചില്ലത്രേ!) മാത്രമല്ല പദാര്‍ഥങ്ങള്‍ക്ക് മാസ് എന്ന അടിസ്ഥാന സവിശേഷത നല്‍കുന്നതും, ഹിഗ്ഗ്‌സ് ബോസോണിനെ ഇങ്ങനെ വിളിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കാം.  അല്ലാതെ ദൈവവുമായോ സാത്താനുമായോ ഒന്നും ഈ കണത്തിനു യാതൊരു ബന്ധവും ഇല്ല! പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തും എന്നതിനാല്‍ ശാസ്ത്രലോകത്തു തന്നെ ഈ നാമകരണത്തോട് നിരവധി എതിര്‍പ്പുകള്‍ ഉണ്ട്. ഉദാഹരണത്തിന് ഡോ.ഡേവിഡ് ഗോള്‍ഡ്ബര്‍ഗിനെ പോലുള്ളവര്‍.
ഹിഗ്ഗ്സ് ബോസോണിന്റെ പ്രാധാന്യത്തെക്കുറിച്ച് സാധാരണക്കാരന് മനസ്സിലാക്കിക്കാനായി ഒരു തമാശ രൂപത്തില്‍ ലിയോണ്‍ എം. ലെഡര്‍മാന്‍തന്റെ പുസ്തകത്തിന്റെ ടൈറ്റിലായി ഇട്ട പേരാണ് ദൈവകണം എന്നത്!അല്ലാതെ ദൈവവുമായോ സാത്താനുമായോ ഒന്നും ഈ കണത്തിനു യാതൊരു ബന്ധവും ഇല്ല!

പ്രപഞ്ചത്തിലെ പ്രാഥമിക കണങ്ങളെ കുറിച്ചും ബലങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു ഗവേഷണ ശാഖയാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍. 6  ക്വാര്‍ക്കുകള്‍, 6  ലെപ്‌ടോണുകള്‍ (ഉദ: ഇലക്ട്രോണ്‍) 4 ബല കണങ്ങള്‍ (ഉദ :ഫോട്ടോണ്‍) എന്നിവ അടങ്ങുന്നതായിരുന്നു സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ (ചിത്രം  നോക്കുക). എന്നാല്‍ W, Z എന്നീ വെക്ടര്‍ ബോസോണുകള്‍ക്ക് സ്ഥിതിക മാസ് കൊടുക്കുമ്പോള്‍ ചില അടിസ്ഥാന നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതായി കണ്ടു. ഇതിനെ മറികടക്കാനായിട്ടാണ് കണങ്ങള്‍ക്ക് മാസ് നല്‍കുന്ന ഒരു ഫീല്‍ഡ് എന്ന ആശയം വന്നത്. ഈ ഫീല്‍ഡിനെ ഹിഗ്ഗ്‌സ്(പീറ്റര്‍ ഹിഗ്ഗ്‌സ് എന്ന ശാസ്ത്രജ്ഞന്റെ പേരില്‍) ഫീല്‍ഡ് എന്നും അതു വഹിക്കുന്ന കണങ്ങളെ ഹിഗ്ഗ്‌സ് ബോസോണ്‍ എന്നും വിളിച്ചു. ഹിഗ്ഗ്‌സ് ബോസോണിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള കണ്ടെത്തല്‍ ഭൗതികശാസ്ത്രത്തിലുള്ള ഏറ്റവും വലിയ വഴിത്തിരിവാകും. ഈ പ്രധാന ഉദ്ദേശം വച്ചാണ് ജനീവയില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ സ്ഥാപിച്ചത്. അതിലെ ATLAS (A large Toroidal LHC Apparatus) എന്ന ഉപകരണമാണ് പുതിയ കണങ്ങളുടെ ഗവേഷണത്തിനഅയി ഉപയോഗിക്കുന്നത്.  ഉന്നത ഊര്‍ജ്ജത്തിലുള്ള ഹാഡ്രോണുകള്‍ (ഉദാ: പ്രോട്ടോണ്‍) എതിര്‍ ദിശയില്‍ കൂട്ടിയിടിപ്പിച്ചാണ് ഈ പരീക്ഷണം നടത്തുന്നത്. ഈ ഏപ്രിലില്‍ ഓരോ ബീമും 4 TeV ഊര്‍ജ്ജത്തില്‍ പായിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അപ്പോള്‍ കൂട്ടിയിടിയുടെ ഊര്‍ജ്ജം 8 TeV ആവും. 2014 ആവുമ്പോഴേക്കും ഈ കൂട്ടിയിടി ഊര്‍ജ്ജം 14 TeV ആക്കാനാവും എന്നാണ് പ്രതീക്ഷ.
 
2012 ജൂലൈ നാലിനു നടത്തിയ പത്ര സമ്മേളനത്തില്‍ 5 സിഗ്മ ഉറപ്പില്‍ (ഏകദേശം 99.999 % ഉറപ്പില്‍) 126GeV മാസുള്ള പുതിയ ഒരു കണത്തെ കണ്ടെത്തി എന്നു CERN അധിക്രിതര്‍ അവകാശപ്പെട്ടു. ഈ പുതിയ കണം ഹിഗ്ഗ്‌സ് ബോസോണ്‍ ആവാനാണ് ഏറ്റവും സാധ്യത. എന്നാല്‍ അത് സ്ഥിരീകരിക്കാനുള്ള പഠനങ്ങള്‍ നടന്നു വരുന്നതേയുള്ളൂ.  ഈ കണം ഹിഗ്ഗ്‌സ് ബോസോണ്‍ ആണെങ്കില്‍ അത് സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ വന്‍ വിജയമായിരിക്കും. മറിച്ച് മറ്റെന്തെങ്കിലുമാണെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിനുമപ്പുറമുള്ള അറിവിന്റെ പുതിയ മേഖലകളിലേക്ക് ഇത് വെളിച്ചം വീശും.